Tuesday 22 August 2017

സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കി


Image result for BOOK EVALUATION LOGO
           ഇനി മുതല്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികളും പുസ്തകം വായിക്കും. ഏത് പുസ്തകം വായിച്ചു? എന്തു തോന്നി? തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഴ്ചയിലൊരിക്കല്‍ അസംബ്ലിയില്‍ പറയുംചെയ്യും. അതായത് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ച ഒരു പുസ്തകത്തെ പറ്റി അഞ്ചുമിനിറ്റ് ഒരാള്‍ സംസാരിക്കണം. എഴുതിവായിച്ചാലും മതി. വിദ്യാഭ്യാസവകുപ്പിന്റെ വായനപരിപോഷണ പരിപാടിയിലിലൂടെയാണ് സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
 ആദ്യഘട്ടത്തില്‍ യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ വായനപരിപോഷണ പരിപാടി. വിദ്യാരംഗം കലാസാഹിത്യവേദി നല്‍കിയ നിര്‍ദ്ദേശമാണ് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഇതില്‍പെടും.
                ഇതുപ്രകാരം സ്‌കൂള്‍ ലൈബ്രറികള്‍ അടച്ചിടല്‍ ഇനി നടക്കില്ല. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 1500 പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ബാലസാഹിത്യത്തിനുപുറമേ നോവല്‍, കഥ, കവിത തുടങ്ങിയവയാണ് പട്ടികയിലുള്ളത്. ഹൈസ്‌കൂളുകള്‍ക്ക് പുസ്തകം വാങ്ങാന്‍ നേരത്തേ പണം അനുവദിച്ചിരുന്നു. അസംബ്ലിസമയത്ത് കുട്ടികളെ നിര്‍ത്തി സംസാരിക്കുന്നതില്‍ അപ്രായോഗികത തോന്നിയാല്‍ വലിയ ഹാളിലേക്ക് മാറ്റും. കരിക്കുലവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ് ലൈബ്രറിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും പദ്ധതിയുണ്ട്.
       മാത്രമല്ല, കഴിഞ്ഞവര്‍ഷം വിദ്യാരംഗം സര്‍ഗോത്സവത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കഥകളും കവിതകളും ഉള്‍പ്പെടുത്തി രണ്ടുസമാഹാരം സാഹിത്യ അക്കാദമി പുറത്തിറക്കും. ഓരോന്നിലും കുറഞ്ഞത് 50 രചനകള്‍ വീതം ഉണ്ടാകും. വിദ്യാരംഗത്തിന്റെ ആദ്യ സംരംഭമാണിതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും കോഓര്‍ഡിനേറ്റര്‍ കെ.സി. അലി ഇക്ബാലും പറഞ്ഞു.

1 comment: