Wednesday 9 August 2017

ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങൾ

 Flag of India.svg

    ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി. ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.

പതാകയുമായി ബന്ധപ്പെട്ട നിയമങ്ങൾ

ദേശീയ പതാകയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.
  1. 1950-ലെ എംബ്ബ്ലംസ് ആന്റ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇം‌പ്രോപ്പർ യൂസ്) ആക്ട്
  2. 1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ ആക്ട്
  3. 2002-ലെ ഇന്ത്യൻ ഫ്ലാഗ് കോഡ്
ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങൾ
                         2002 ആണ്ടിനു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ നവീൻ ജിണ്ടാൽ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിച്ചു. അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയപതാക നിയമത്തിന്‌ എതിരായതിനാൽ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികൾക്കു വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയപതാകയെ അതിനുചിതമായ രീതിയിൽ പ്രദർശിപ്പിക്കുന്നത്‌ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്‌ തന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും ജിണ്ടാൽ വാദിച്ചു.[10] പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോൾ കോടതി ഇന്ത്യൻ സർക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26-ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.
  ദേശീയപതാകാനിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും അതിലനുശാസിക്കുന്ന കീഴ്‌വഴക്കങ്ങൾ പതാകയുടെ അന്തസ്സു നിലനിർത്താൻ പരിപാലിക്കപ്പെടേണ്ടതാണെന്നും. ദേശീയപതാക പ്രദർശിപ്പിക്കാനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അർഹിക്കപ്പെട്ടവർക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആർട്ടിക്കിൾ 51A യോട്‌ ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യൻ സർക്കാർ v. നവീൻ ജിണ്ടാൽ കേസിന്റെ വിധി ന്യായത്തിൽ അനുശാസിക്കുന്നു.

ദേശീയപതാകയ്ക്കുള്ള ബഹുമാനം

         ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.

പതാക കൈകാര്യം ചെയ്യേണ്ട വിധം

പതാകയുടെ കൃത്യമായ പ്രദർശനം.
   ദേശീയപതാക കൈകാര്യം ചെയ്യുമ്പോഴും പ്രദർശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങൾ ഉണ്ട്‌. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ്‌ താഴ്ത്തേണ്ടതുമാകുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്‌. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതാത്തതാകുന്നു. പാരമ്പര്യ ചിട്ടകളുനുസരിച്ച്‌ കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേൽ കീഴ്‌ തിരിച്ചു കാണിക്കുവാനോ പാടില്ലാത്തതാകുന്നു. പതാക "വായിക്കുന്ന" (കാണുന്ന)ത്‌ ഒരു പുസ്തകം വായിക്കുന്നതുപോലെ ഇടതുനിന്ന്‌ വലത്തോട്ടും മുകളിൽ നിന്ന് താഴോട്ടുമായതുകൊണ്ടാണ്‌ ഇത്‌. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർ‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.[3]

ശരിയായ പ്രദർശനരീതി

IndiaFlagTwoNations.png
ദേശീയപതാകയുടെ ശരിയായ പ്രദർശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത്‌ ഒരു വേദിയിൽ രണ്ടു പതാകകൾ ഒരേ സമയം തിരശ്ചീനമായും, മുഴുവൻ വിടർത്തിയും പ്രദർശിപ്പിക്കുമ്പോൾ അവ രണ്ടിന്റേയും കൊടിമരത്തിനോടു ചേർന്നവശങ്ങൾ പരസ്പരം അഭിമുഖമായും കുങ്കുമവർണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്‌. ചെറിയ തണ്ടുകളിൽ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കിൽ അവ രണ്ടും പരസ്പരം കോണുകൾ ഉണ്ടാക്കത്തക്കവിധം ചുമരിൽ ഉറപ്പിച്ചിരിയ്ക്കണം. പതാകകൾ ഭംഗിയായ രീതിയിൽ വിടർത്തിയിട്ടിരിയ്ക്കുകയും വേണം. ദേശീയപതാക മേശകൾക്കോ, വായിക്കാനുള്ള പീഠങ്ങൾക്കോ, വേദികൾക്കോ അതോ കെട്ടിടങ്ങൾക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളിൽ നിന്നു തൂക്കിയിടുവാനോ പാടില്ലാത്തതാകുന്നു.

മറ്റു ദേശീയപതാകകൾക്കൊപ്പം.

     ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയർത്തിയിരിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്‌. പ്രാധാന്യമുള്ള‌ രീതിയിൽ മാത്രമേ അതു പ്രദർശിപ്പിക്കാവൂ എന്നതാണ്‌ അതിലൊന്ന്. മറ്റു രാജ്യങ്ങളുടെ പതാകകൾ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിൽ ഉയർത്തിയിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത്‌ (കാണുന്നവർക്ക്‌ ഇടത്തേ അറ്റത്ത്‌) ആയിരിയ്ക്കണം. ഓരോ രാജ്യങ്ങളുടേയും പതാകകൾ പ്രത്യേകം കാലുകളിലായിരിയ്ക്കണം. ഒന്നിനുമുകളിൽ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകൾ ക്രമീകരിയ്ക്കാൻ പാടുള്ളതല്ല. പതാകകളുടെ വലിപ്പം ഏതാണ്ട്‌ ഒരുപോലെയായിരിയ്ക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.
    പലപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയുടെ പതാക പ്രദർശിപ്പിക്കാറുണ്ട്‌. പതാകകൾ ഒരു വൃത്തത്തിൽ പ്രദർശിപ്പിയ്ക്കുമ്പോൾ ഇന്ത്യയുടെ ദേശീയപതാക വൃത്തത്തിന്റെ തുടക്കത്തേയും ഘടികാരദിശയിൽ അടുത്തുവരുന്നത്‌ അക്ഷരമാലാ ക്രമത്തിൽ ആദ്യത്തേതും ആയിരിക്കണം. ഇന്ത്യയുടെ പതാക ആദ്യം ഉയർത്തുകയും അവസാനം താഴ്ത്തുകയും വേണം.
      ഒന്നിനു കുറുകേ മറ്റൊന്നായി രണ്ടു പതാകകൾ വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക മുകളിലായും കാണുന്നവരുടെ ഇടതു വശത്തേയ്ക്കും വെച്ചിരിയ്ക്കണം. എന്നാൽ ഐക്യരാഷ്ട്രസഭയുടെ കൊടിയ്ക്കൊപ്പം വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക ഏതു വശത്തേയ്ക്കയിരിന്നാലും കുഴപ്പമില്ല. എന്നാലും പൊതുവായ കീഴ്‌വഴക്കം പതാക വലത്തേയറ്റത്ത്‌, അതിന്റെ മുഖമായിരിയ്ക്കുന്ന ദിശയിലേയ്ക്ക്‌ സൂചകവുമായി വെയ്ക്കുന്നതാണ്‌

 ദേശീയപതാകകളല്ലാത്തവയ്‌ക്കൊപ്പം

IndiaFlagNonNational.png
  വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ പതാകയോടൊപ്പമോ പരസ്യങ്ങളോടൊപ്പമോ ഇന്ത്യയുടെ ദേശീയപതാക പ്രദർശിപ്പിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്‌. പതാകകൾ പ്രത്യേകം കാലുകളിലായിരിക്കണം ഉയർത്തേണ്ടത്‌. ഇന്ത്യയുടെ പതാക നടുവിലോ അല്ലെങ്കിൽ കാണുന്നയാളുടെ ഇടത്തേ അറ്റത്തോ ആയിരിക്കണം. ഇന്ത്യയുടെ പതാകയുടെ വീതി മറ്റുള്ളവയിലും അധികമായിരിക്കണം. ഇന്ത്യയുടെ പതാകയുടെ കാൽ മറ്റുള്ളവയുടേതിന്‌ ഒരു ചുവടു മുൻപിലായിരിയ്ക്കണം. എല്ലാ പതാകകളും ഒരേനിരയിലാണെങ്കിൽ ഇന്ത്യയുടെ പതാക മറ്റുള്ളവയിൽ നിന്ന് ഉയർന്നു നിൽക്കണം. ഘോഷയാത്രകളിലും മറ്റും പതാക പ്രദർശിപ്പിക്കുമ്പോൾ അത്‌ വഹിക്കുന്നവർ ഏറ്റവും മുൻപിലായി നടക്കേണ്ടതാണ്‌. എന്നാൽ ഒന്നിലധികം പതാകകൾ വഹിയ്ക്കുന്നവർ ഒരു നിരയായി നടക്കുമ്പോൾ ഇന്ത്യയുടെ പതാക വഹിക്കുന്നയാൾ നിരയുടെ വലത്തേയറ്റത്ത്‌ നടക്കേണ്ടതാണ്‌.

ദേശീയപതാക സദസ്സുകളിൽ ഉപയോഗിക്കുമ്പോൾ

            ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദർശ്ശിപ്പിക്കാനുദ്ദേശിക്കുന്നെങ്കിൽ, അതു നടക്കുന്ന ഹാളിൽ വേദിയുടെ വലതുവശത്തായി,അതായതു സദസ്സിന്റെ ഇടതുവശത്തു വേണം പ്രദർശ്ശിപ്പിക്കേണ്ടതു്‌.കാരണം വലതുഭാഗം അധികാരത്തിന്റേതെന്നാണു സങ്കല്പം. അതുകൊണ്ട് വേദിയിൽ പ്രാസംഗികന്റെ തൊട്ടടുത്താണെങ്കിൽ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളിൽ വേറെ എവിടെയെങ്കിലുമാണെങ്കിൽ, സദസ്യരുടെ വലതുഭാഗത്തുമാണു്‌ പതാക പ്രദർശ്ശിപ്പിക്കേണ്ടത്.
IndiaFlagIndoors.png
        കുങ്കുമപ്പട്ട മുകളിൽ വരത്തക്ക വിധം, കഴിയുന്നതും എല്ലാവർണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദർശ്ശിപ്പിക്കണം.വേദിക്കു പിന്നിലെ ചുവരിൽ ലംബമായി പതാക തൂക്കിയിടുകയാണെങ്കിൽ,അതു പിടിപ്പിച്ച ചരടു്‌ മുകൾഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോൾ, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.[3]

പരേഡുകളും ചടങ്ങുകളും

   പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോൾ, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നിൽ മദ്ധ്യഭാഗത്തോ ആയിരിക്കണം. പ്രതിമ, സ്മാരകം, ശിലാഫലകം തുടങ്ങിയവയുടെ അനാവരണച്ചടങ്ങുകളിൽ, ഉത്കൃഷ്ടവും വ്യതിരിക്തവുമായ ഒരു പങ്കു്‌ ദേശീയപതാകയ്ക്കു വഹിക്കാനാവുമെങ്കിലും, ഒരിക്കലും അവയുടെ ആവരണമായി പതാക ഉപയോഗിക്കാൻ പാടില്ല. ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ചു തിരശ്ചീനമാക്കുകയോ തറയിൽ മുട്ടിക്കുകയോ ചെയ്യാൻ('ഡിപ്പിങ്') പാടുള്ളതല്ല. സൈനിക പതാകകളും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പതാകകളും ബഹുമാനസൂചകമായി 'ഡിപ്' ചെയ്യാവുന്നതാണു്‌.
IndiaFlagParade.png
  ചടങ്ങുകളിൽ ദേശീയപതാക ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളിൽ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റൻഷനി'ൽ നിൽക്കേണ്ടതാണു്‌. യൂണിഫോമിൽ ഉള്ളവർ യഥോചിതമായി അഭിവാദ്യമർപ്പിക്കണം‌. ഒരു ഔദ്യോഗികാധികാരി അഭിവാദ്യം ചെയ്യുന്നതു ശിരോസ്തമില്ലാതെയായിരിക്കും. പതാകാവന്ദനം കഴിഞ്ഞാൽ ദേശീയഗാനാലാപനവും നടത്തണമെന്നുണ്ടു്‌.[3]

വാഹനങ്ങളിലെ പ്രദർശനം

   വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, ലഫ്റ്റനന്റ്‌ ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, ഇന്ത്യൻ പാർലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയർ കാബിനറ്റ് അംഗങ്ങൾ, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷർ, രാജ്യസഭാ ചെയർമാൻ, നിയമനിർമ്മാണ സമിതി ചെയർമാൻ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി ചുരുക്കം ചിലർക്കു മാത്രമേയുള്ളൂ.
    ആവശ്യമെന്നു കണ്ടാൽ മേല്പ്പറഞ്ഞവർക്കൊക്കെ ഔദ്യോഗിക വാഹനങ്ങളിൽ ദേശീയപതാക യുക്തമായി ഉപയോഗിക്കാവുന്നതാണു്‌. കാറിന്റെ മുൻഭാഗത്തെ മൂടിക്കു പുറത്തു മദ്ധ്യത്തിലായോ മുൻഭാഗത്തു വലതുവശത്തായോ ദണ്ഡിൽ പിടിപ്പിച്ചു പതാക ബലമായി നാട്ടണം. ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്ടവ്യക്തി സർക്കാർകാറിൽ യാത്ര ചെയ്യുകയാണെങ്കിൽ, ത്രിവർണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.
         രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ, അവർ പോകുന്ന വിമാനത്തിൽ ദേശീയപതാക ഉപയോഗിക്കണം. ഒപ്പം, ആ രാജ്യത്തിന്റെ പതാകയാണു സാധാരണ ഉപയോഗിക്കേണ്ടതെങ്കിലും, യാത്രാമധ്യേ വേറെ ഏതെങ്കിലും രാജ്യങ്ങളിൽ വിമാനമിറങ്ങുകയാണെങ്കിൽ ഔദാര്യത്തിനുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാൻ അതാതിടങ്ങളിലെ ദേശീയപതാകയായിരിക്കണം പകരം ഉപയോഗിക്കേണ്ടതു്‌. ഭാരതത്തിനുള്ളിലാണെങ്കിൽ, രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ രാഷ്ട്രപതി കയറുന്ന അല്ലെങ്കിൽ ഇറങ്ങുന്ന ഭാഗത്തു ദേശീയപതാക പ്രദർശിപ്പിക്കണം. രാഷ്ട്രപതി രാജ്യത്തിനകത്തു പ്രത്യേക തീവണ്ടിയാത്ര ചെയ്യുമ്പോൾ, ഡ്രൈവറുടെ കാബിനിൽ നിന്നു തീവണ്ടി പുറപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ വശം അഭിമുഖീകരിച്ചു പതാക പാറണം. തീവണ്ടി നിർത്തിയിട്ടിരിക്കുമ്പോഴും, ഏതെങ്കിലും സ്റ്റേഷനിൽ തങ്ങാനായി എത്തുമ്പോഴും മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.

പതാക ഉയർത്തൽ

  രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദുഃഖാചരണ വേളകളിൽ,ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌.ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവിൽ സൂചിപ്പിക്കാറുണ്ട്. പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകൾ പാലിയ്ക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയർത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയിൽനിന്നും പതാക പൂർണ്ണമായും ഉയർത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ.

         രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള ഔദ്യോഗിക ദുഃഖാചരണവേളയിൽ ഭാരതമൊട്ടുക്ക് ത്രിവർണ്ണപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ലോക്‌സഭാ സ്പീക്കർ,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർ മരിച്ചാൽ ദില്ലിയിൽ മുഴുവനും; കേന്ദ്രമന്ത്രിമാരുടെ നിര്യാണത്തിൽ ദില്ലിയിലും, ഓരോ സംസ്ഥാനങ്ങളുടേയും തലസ്ഥാനത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണ്ണറോ മുഖ്യമന്ത്രിയോ മരിച്ചാൽ അതാത് സംസ്ഥാനങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടാറുണ്ട്.
    ഉച്ചയ്ക്ക് ശേഷമാണ്‌ മരണവിവരം ലഭിയ്ക്കുന്നതെങ്കിൽ തൊട്ടടുത്ത ദിവസം പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌. ആ ദിവസം പുലരുന്നതിനു മുൻപ് ശവസംസ്കാരം നടന്നിട്ടില്ലെങ്കിൽ മാത്രമേ ഇതു ചെയ്യാനാവൂ. സംസ്കാരസ്ഥലത്ത്, സംസ്കാരസമയത്ത് ആവശ്യമെങ്കിൽ പതാക താഴ്ത്തിക്കെട്ടാവുന്നതാണ്‌.
    ഗണതന്ത്ര ദിനം(Republic Day), ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 13 വരെ) തുടങ്ങിയ ദേശീയാഘോഷവേളകളിൽ ദുഃഖാചരണം വന്നാൽ പതാക ഉയർത്തുന്നതിന്‌ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മൃതശരീരം ദർശനത്തിനു വച്ചിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുകളിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി പ്രദർശിപ്പിക്കാവൂ. മൃതശരീരം കെട്ടിടത്തിൽ നിന്നും മാറ്റിയതിന്‌ ശേഷം ത്രിവർണ്ണ പതാക പൂർണ്ണമായും ഉയർത്തി പ്രദർശിപ്പിക്കേണ്ടതാണ്‌.
     സൈനികരുടെ മരണാനന്തര ചടങ്ങുകളില് അവരോടുള്ള ആദരസൂചകമായി ശവപ്പെട്ടിയുടെ മുകളിലായി ദേശീയപതാക വിരിച്ചിടാറുണ്ട്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ദേശീയപതാക മൃതദേഹത്തിന്റെ കൂടെ മറവുചെയ്യാനോ ചിതയില് ദഹിപ്പിയ്ക്കാനോ പാടില്ല.

നിർമാർജ്ജനം

തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണിൽ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.[3]

No comments:

Post a Comment